ആദായ നികുതി റിട്ടേണ്‍ ഇനിയും സമര്‍പ്പിക്കാം ഓഡിറ്റിന് വിധേയരല്ലാത്ത കമ്പനികളുടെയും ശമ്പളവരുമാനക്കാരുടെയും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പണത്തിനുള്ള അവസാന തീയതി ജൂലൈ 31ന് കഴിഞ്ഞെങ്കിലും സമര്‍പ്പിക്കാന്‍ വിട്ടുപോയവര്‍ക്ക് ഇനിയുള്ള അവസരം ഉപയോഗിക്കാം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ റിട്ടേണ്‍ സമര്‍പ്പിക്കേണ്ട സമയപരിധി ജൂലൈ 31ന് കഴിഞ്ഞെങ്കിലും അസസ്മെന്‍റ് വര്‍ഷം അവസാനിക്കുന്ന 2015 മാര്‍ച്ച് 31 വരെ പിഴയില്ലാതെ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആദായ നികുതി വകുപ്പ് അനുവദിക്കും. പക്ഷേ, സമയപരിധി കഴിഞ്ഞാണ് സമര്‍പ്പിക്കുന്നതിനാല്‍ റീഫണ്ടിനുള്ള അവസരം ലഭ്യമാവില്ളെന്ന് മാത്രം. സമയപരിധി കഴിഞ്ഞ് സമര്‍പ്പിക്കുന്ന റിട്ടേണുകളില്‍ നികുതി ഇളവുകള്‍ക്കുള്ള വകുപ്പുകള്‍ കാട്ടി റീഫണ്ട് അവകാശപ്പെടാനാവില്ല. കിട്ടിയാല്‍തന്നെ ദീര്‍ഘമായ നടപടികള്‍ക്ക് ശേഷം വൈകിയാവും കിട്ടുക. വൈകി സമര്‍പ്പിക്കുന്ന റിട്ടേണുകളിലെ വിവരങ്ങള്‍ പിന്നീട് തിരുത്താനുമാവില്ല. മറ്റു സ്രോതസ്സുകളില്‍നിന്നുള്ള വരുമാനത്തിന് നികുതി നല്‍കാനുള്ള കേസുകളില്‍, അടക്കാനുള്ള തുകയുടെ ഒരു ശതമാനം പിഴ ഈടാക്കുകയും ചെയ്യും. മാര്‍ച്ച് 31നു മുമ്പും റിട്ടേണ്‍ സമര്‍പ്പിച്ചില്ളെങ്കില്‍ 5000 രൂപ വരെ പിഴ ഈടാക്കാന്‍ വകുപ്പുണ്ട്. 2016 മാര്‍ച്ച് 31 വരെയാണ് പിഴയോടെ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ അവസരം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രണ്ട് ലക്ഷം രൂപക്ക് മുകളില്‍ വരുമാനമുള്ളവരാണ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്. അഞ്ചു ലക്ഷത്തിന് മുകളിലാണ് വരുമാനമെങ്കില്‍ ഇ-ഫയലിങ് നിര്‍ബന്ധമാണ്. |